മധ്യവേനലവധിയ്ക്കു നാട്ടിൽ പോകാനായി റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള യാത്രയിൽ, സരായ് ജൂലിയാന മുതൽ ന്യൂഡൽഹി വരെ കണ്ട വഴിയോരകാഴ്ചകൾ!
കേരള യാത്ര തുടങ്ങുകയാണ് ..!
സമയം ഒമ്പതു മണിയോടടുക്കുന്നു .വീട്ടിൽ നിന്നും ഇറങ്ങാൻ സമയമായിരിക്കുന്നു. 11.25 നാണ് ന്യൂ ഡൽഹിയിൽ നിന്നും ഞങ്ങൾക്ക് പോകാനുള്ള കേരളാ എക്സ്പ്രസ് പുറപ്പെടുന്നത്. താമസസ്ഥലമായ സരായ് ജൂലിയാനയിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ ദൂരമുണ്ട് ന്യൂ ഡൽഹി സ്റ്റേഷനിലേക്ക്. മഥുര റോഡ് വഴി ന്യൂ ഡൽഹിയ്ക്ക് 39 മിനുട്ട് ആണ് ഗൂഗിളിൽ കാണിക്കുന്നത്. ദില്ലിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയമാണിത്. ഓഫിസുകൾ പിടിക്കാനുള്ള വ്യഗ്രതയിൽ റോഡുകൾ നിറഞ്ഞൊഴുകുന്ന വാഹനങ്ങൾ എവിടെയും ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്ന സമയമാണിത്.ഈ സമയത്തെ യാത്ര എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ചേക്കാം . അല്പം നേരത്തെ പുറപ്പെടുന്നതാണ് ബുദ്ധി.
വീട്ടിൽ നിന്നിറങ്ങി ജൂലിയാനയുടെ ഇടുങ്ങിയ തെരുവിലൂടെ കുട്ടികളെയും പിടിച്ചുകൊണ്ടു ഞാൻ നടന്നു. ഇരുപതു വർഷങ്ങൾക്കപ്പുറം മുംബൈ അംബർനാഥിലും കല്യാണിലും കിസാൻ നഗറിലും കണ്ടുമറന്ന അതെ പഴഞ്ചൻ ഗല്ലികളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല മെട്രോ നഗരമായ രാജ്യതലസ്ഥാനത്തെ ഒരു കൊച്ചു പ്രദേശമായ സരായ് ജൂലിയാന. തിരക്കൊഴിഞ്ഞ ഒരു കേരളാ തെരുവിനെ ഓർമിപ്പിക്കും വിധം എവിടെയും കടകൾക്കും സ്ഥാപനങ്ങൾക്കും മുൻപിൽ മലയാളി ബോർഡുകൾ കാണാം. ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ ദില്ലിയിലേക്ക് വ്യാപിച്ച മലയാളി കുടിയേറ്റത്തോളം ചരിത്രം സരായ് ജൂലിയാനയിലെ മലയാളി സാന്നിധ്യത്തിനുണ്ടോ എന്നറിഞ്ഞുകൂടാ. എങ്കിലും ജൂലിയാന തെരുവിൽ കാണുന്ന നാലിലൊരാൾ മലയാളിയാണ്. സ്ഥാപനങ്ങൾ ഏറെയും മലയാളികളുടേതാണ്. അതിസമ്പന്നർ വസിക്കുന്ന ന്യൂ ഫ്രണ്ട്‌സ് കോളനിയ്ക്കും സുഖ്‌ദേവ് വിഹാറിനും ഇടയിൽ ഒരു പഴഞ്ചൻ പട്ടണത്തെ ഓർമിപ്പിക്കുന്നു സരായ് ജൂലിയാന.
ജൂലിയാനയെക്കുറിച്ചു ഏറെപ്പറയാനുണ്ട്. മുഗൾ കാലഘട്ടത്തോളം പഴക്കമുണ്ട് ജൂലിയാനയുടെ ചരിത്രത്തിനു. ചക്രവർത്തി ഔരംഗസീബിന്റെ പുത്രിയുടെ ആയയായിരുന്ന പോർച്ചുഗീസുകാരി 'ജൂലിയേന'യുടെ പേരിൽ നിന്നാണ് സരായ് ജൂലിയനയുടെ ഉത്ഭവം. ജൂലിയെനയുടെ സേവനത്തിനു പകരമായി ചക്രവർത്തി അവർക്കു സമ്മാനിച്ചതാണ് ഈ ഗ്രാമം. മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ മകനായ ദാരാ ഷിക്കോ സഹോദരനായ ഔരംഗസീബിന്റെ പട്ടാളത്താൽ വധിക്കപ്പെടുന്നത് ഈ പ്രദേശത്തിനടുത്തു വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. തിമൂർ നഗർ, കിസ്രബാദ്, ജൂലിയാന ചേർന്ന പ്രദേശങ്ങൾ മുഗൾ തലസ്ഥാനത്തെ വാണിജ്യകേന്ദ്രങ്ങളായിരുന്നു. ജൂലിയാനയുടെ ഇന്നുവരെയുള്ള ചരിത്രം വലിയൊരു പോസ്റ്റിനുള്ളതുണ്ട്. അത് പിന്നീടാകാം.
റെയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടോ പിടിക്കാം എന്ന് കരുതി ഞങ്ങൾ മെയിൻ റോഡിലേക്ക് നടന്നു. തിരക്കേറിയ സി വി രാമൻ മാർഗിനപ്പുറം സരായ് ജൂലിയാനയ്ക്കു ഒരു തിലകക്കുറിയായി തലയുയർത്തി നിൽക്കുന്നു തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ആതുരാലയങ്ങളിലൊന്നായ ഫോർട്ടിസ് എസ്കോർട്സ് ഹോസ്പിറ്റൽ. ഒരു കാലത്തു രാജ്യത്തെ ഏറ്റവും പ്രശസ്തവും വിവിഐപി കളുടെ ആശ്രയവുമായിരുന്നു അക്കാലത്തെ എണ്ണംപറഞ്ഞ ഹൃദയചികിത്സാ ആശുപത്രിയായിരുന്ന എസ്കോര്ട്സ്. രാജ്യമെങ്ങും ഹൃദയചികിത്സ ലഭ്യമാകുന്ന ഹോസ്പിറ്റലുകൾ പെരുകിയതോടെ പഴയ പ്രതാപമൊക്കെ നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും വിഐപികളുടെ തിരക്കിന് ഇവിടെ കുറവൊന്നുമില്ല.നാലുമണിക്ക് സ്‌കൂൾ വിട്ടു കുട്ടികൾ വരുന്നത് പോലെ ആശുപത്രി ഗേറ്റിനുള്ളിൽ നിന്നും മലയാളി നേഴ്‌സുമാരുടെ ഒരു നിര നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്നു.
സമയം ഒമ്പതു മണിയായപ്പോഴേക്കും സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിലെത്തിയ പ്രതീതി. കടുത്ത ചൂട്. ചൂടുകാറ്റുമേറ്റ് ന്യൂ ഡൽഹി വരെ കുട്ടികളുമായി പോകുന്നതോർത്തു ഞാൻ വെന്തുരുകി. അപ്പോളോ ഫർമസിയുടെ ഓരം പറ്റി ഓട്ടോയ്ക്കായി ഞാൻ കാത്തു നിന്നു. തിരികെ ആളെ കിട്ടില്ലെന്നതിനാൽ ഇത്ര ദൂരമുള്ള യാത്രയ്ക്ക് സാധാരണ ഓട്ടോക്കാർ വിസമ്മതിയ്ക്കുകയാണ് പതിവ്. ഇന്നും അതുതന്നെ സംഭവിച്ചു. ന്യൂ ഡെൽഹിയിലേക്കാണെന്നു പറഞ്ഞതോടെ ഒന്നും മിണ്ടാതെ രണ്ടുമൂന്നു ഓട്ടോക്കാർ കടന്നുപോയി. ആളുകളെ വെറുപ്പിക്കുന്നതിൽ ദില്ലിയിലെ ഓട്ടോ ഡ്രൈവർമാരോളം പ്രാവീണ്യം മറ്റാർക്കുമില്ല എന്നതാണ് എട്ടുവർഷത്തെ ദില്ലിജീവിതം നൽകിയ പാഠം. ഓട്ടോ പൈലറ്റ് മോഡിൽ ബോയിങ് വിമാനം പറത്തുന്ന ലാഘവത്തോടെയാണ് സീറ്റിൽ ഒരുകാലും ചിലപ്പോൾ രണ്ടുകാലും മടക്കി വച്ച് വണ്ടി ഓടിക്കുന്ന ദില്ലിയിലെ ഓട്ടോഡ്രൈവർമാർ . കൺട്രോൾ റൂമിൽനിന്നു നിർദേശം സ്വീകരിക്കുന്ന പൈലറ്റുമാരെപോലെ യാത്രയിലുടനീളം തൊണ്ടകീറി ഫോണിൽ സംസാരിക്കുന്നുണ്ടാകും ചില വിദ്വാന്മാർ. ജീവിതം കയ്യിലെടുത്തു അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുകയല്ലാതെ വഴിയില്ല. ചിലപ്പോൾ കട്ടൻബീഡിയും വലിച്ചു മറ്റു ചിലപ്പോൾ ചുണ്ടിനിടയിലും വായ്ക്കുള്ളിലും പാൻപരാഗും കുത്തിരികുന്നതും കാണാം. യാത്രയ്ക്കിടയിൽ ചിലപ്പോ പെട്ടെന്ന് വണ്ടി നിർത്തി ഒന്നും മിണ്ടാതെ ഒറ്റ ഇറങ്ങിപ്പോക്കായിരിക്കും ഇവന്മാർ. എന്തെങ്കിലും ചോദിക്കാനുള്ള അവസരം പോലുമുണ്ടാവില്ല. റോഡിനപ്പുറമുള്ള പാൻപരാഗ് കടയാവും ലക്‌ഷ്യം. നിറയെ യാത്രക്കാരുമായി വരുന്ന ഡൽഹി സർക്കാരിന്റെ ഡിടിസി ഡ്രൈവർമാർ പോലും തിരക്കു പിടിച്ച റോഡിൽ ഇങ്ങനെ ഇറങ്ങിപ്പോകുന്നത് ദില്ലിക്കാർക്കു ഒരസാധാരണ കാഴ്ചയല്ല തന്നെ.
കാത്തു നിന്ന് സമയം കളയുന്നതിൽ അർത്ഥമില്ല. യൂബർ ടാക്സി പിടിക്കുന്നതാകും നല്ലതു. യൂബർ ആപ്പിൽ തൊട്ടടുത്തു തന്നെ വാഹനം കാണിക്കുന്നുണ്ട്. യാത്ര ബുക്ക് ചെയ്തു മൂന്നു മിനുട്ടിൽ തന്നെ ഒരു മാരുതി ഡിസയർ ഞങ്ങൾക്കരികിലെത്തി . ഒന്നരമാസത്തെ അവധി ആയതിനാൽ കുട്ടികളുടെ വസ്ത്രങ്ങളടക്കം നല്ലൊരു ലഗേജ് കയ്യിലുണ്ട്. ബാഗുകൾ ഡിക്കിയിൽ വച്ച് ഞാൻ കാറിന്റെ മുൻസീറ്റിൽ കയറി. കുട്ടികൾ പിന്നിലും. ഒരു കാലത്തു ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന പഞ്ചാബിനെ കിടുകിടെ വിറപ്പിച്ചിരുന്ന ഭിന്ദ്രൻവാലയെ അനുസ്മരിപ്പിക്കുന്ന, അറുപതു വയസ്സ് തോന്നിക്കുന്ന ഒരു സര്ദാര്ജിയാണ് എന്റെ ഡ്രൈവർ. യാത്രയിൽ അധികം സംസാരിക്കില്ലെങ്കിലും പൊതുവെ വളരെ മര്യാദക്കാരാണ് സർദാർജി ഡ്രൈവർമാർ . ഡൽഹിയിലെ നിരത്തുകളിൽ ഓട്ടോ ടാക്സി ഡ്രൈവർമാരായി നൂറുകണക്കിന് സർദാർമാരെ ഒരു ദിവസം കാണാൻ കഴിയും. ഏഴാം ക്‌ളാസിൽ ഞാൻ പഠിക്കുന്ന എൺപത്തിനാലിലാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നത്. ആ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട് .ഉച്ചയ്ക്ക് ചോറുകഴിക്കാൻ വീട്ടിൽപോയി വരുമ്പോൾ ബാലമംഗളം കൊണ്ടുവരാം എന്ന് പറഞ്ഞുപോയ സഹപാഠി ജയകുമാർ ഓടികിതച്ചാണ് തിരിച്ചുവന്നത്. പ്രിയദർശിനിക്കു വെടിയേറ്റു എന്ന് റേഡിയോ വാർത്തയിൽ പറയുന്നുവെന്നും പറഞ്ഞു.ഇന്ദിരാഗാന്ധിയ്ക്കു വെടിയേറ്റതിനെക്കാൾ എനിക്ക് സങ്കടം ബാലമംഗളം കിട്ടാത്തതായിരുന്നു .അന്നത്തെ ആ കാട്ടുമുക്കിലെ ഒരു ഏഴാം ക്‌ളാസ്സുകാരനിൽ നിന്നും അതിലേറെയൊന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. അന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂൾ അവധിയായിരുന്നുവെന്നാണ് എന്റെ ഓർമ .
ദില്ലിയിലെ സിഖുകാരെ കാണുമ്പോൾ ഞാൻ പലപ്പോഴും അതോർക്കാറുണ്ട്. ഇന്ദിരയുടെ വധത്തിനു ശേഷം ദില്ലിയിൽ കൂട്ടക്കൊല ചെയ്യപ്പെട്ട മൂവായിരത്തോളം സിക്കുകാരുടെ കഥ ഭീതിയോടെയും ദൈന്യതയോടെയും മാത്രമേ നമുക്ക് ഓർത്തെടുക്കാനാകൂ. ഹിറ്റ്ലറുടെ ജർമനിയിൽ നടന്ന ജൂതവംശഹത്യയ്ക്കു സമാനമായിരുന്നു അന്ന് ഡൽഹിയിൽ അരങ്ങേറിയ സിഖ് കൂട്ടക്കൊല.ഡൽഹിയിലെ സിഖ്‌സമൂഹത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൂർണ്ണമായും പ്ലാൻ ചെയ്ത കൂട്ടക്കൊലയായിരുന്നു അരങ്ങേറിയത്. അല്ലാതെ ഇന്ദിരയുടെ വധത്തിൽ പ്രകോപിതരായി പെട്ടെന്നുണ്ടായ ഒരു കലാപമായിരുന്നില്ല അത്. വൻവൃക്ഷങ്ങൾ വീഴുമ്പോൾ ചെറു ചെടികൾ നശിച്ചുപോകുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞു ആ കൂട്ടക്കൊലയെ ലഘൂകരിച്ചു കാണുന്നത്ര വെറുപ്പ് ആ സമൂഹത്തോട് തോന്നിപ്പിക്കാൻ കലാപകാരികൾക്കു കഴിഞ്ഞു.ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറും നെഹ്രുകുടുംബത്തിന്റെ ഉറ്റസുഹൃത്തുമായ ലെജൻഡ് എന്ന് നാം വിശേഷിപ്പിക്കുന്ന അമിതാബ് ബച്ചൻ പോലും രോഷാകുലരായ ജനക്കൂട്ടത്തോട് " ചോരയ്ക്ക് ചോര " എന്ന് ആക്രോശിച്ചു അവരെ പ്രചോദിപ്പിച്ചു എന്ന് ആരോപണം നേരിട്ടതോർക്കുന്നു. യു എസിലെയും ഓസ്‌ട്രേലിയയിലെയും ഫെഡറൽ കോടതികൾ വരെ ഈ കൂട്ടക്കൊലയെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണത്തിന്റെ പേരിൽ അമിതാഭ് ബച്ചന് സമൻസ് അയച്ചു എന്നാണെന്റെ ഓർമ . മുപ്പത്തിമൂന്നു വര്ഷങ്ങള്ക്കു ശേഷം കഴിഞ്ഞ വർഷമാണ് കലാപത്തിന് പിൻപിൽ പ്രവർത്തിച്ച കൊണ്ഗ്രെസ്സ് നേതാവിന് കോടതി ശിക്ഷവിധിച്ചതെന്നതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ നാണംകെട്ട ചരിത്രം. കഠിനാധ്വാനികളാണ് പൊതുവെ സര്ദാര്ജിമാർ. എൺപതു വയസ്സ് കടന്ന ധാരാളം സിഖ് ഓട്ടോ ഡ്രൈവർമാരെ ദില്ലിയിൽ ഞാൻ കണ്ടിട്ടുണ്ട്. ദില്ലിയിൽ ഏകദേശം അഞ്ചുലക്ഷത്തി എഴുപത്തിനായിരത്തോളം സിഖുകാർ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക് . ഓരോ ദിവസവും പതിനായിരക്കണക്കിന് ആളുകളെ ഭക്ഷണമൂട്ടുന്ന ലങ്കാർ എന്നറിയപ്പെടുന്ന ഗുരുദ്വാര അടുക്കളകൾ ഡൽഹിയിലെ സ്ഥിരം കാഴ്ചയാണ്. ഉദാരമനസ്കരായ ഈ സമൂഹത്തെയാണ് കലാപകാരികൾ വംശനാശം വരുത്താൻ ശ്രമിച്ചതെന്നതാണ് ദുര്യോഗം. സിഖുകാർക്കിടയിൽ ഭിക്ഷക്കാരില്ല, അല്ലെങ്കിൽ ഭിക്ഷ അനുവദനീയമല്ല എന്നാണു വയ്പ്പ്. കാരണം പ്രായമെത്രയായാലും ആരോഗ്യമുണ്ടെങ്കിൽ ജോലിചെയ്യുന്നവരാണ് സിഖുകാർ. പ്രായാധിക്യം ബാധിച്ചവർക്ക് സൗജന്യ ഭക്ഷണം ഗുരുദ്വാരകളിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിനായി ഒരാളും ഭിക്ഷയെടുക്കാൻ പാടില്ല എന്നാണു സിഖുകാർ അനുവർത്തിക്കുന്ന നയം എന്നാണ് കേട്ടിട്ടുള്ളത്. ഡൽഹിയിലെ ഗുരുദ്വാര ബംഗ്ലാ സാഹിബിന്റെ അടുക്കള 365 ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ഒരുദിവസം ഏതാണ്ട് 35000 ആളുകളെയാണ് ഈയൊരു ഗുരുദ്വാരയിലെ അടുക്കള ഭക്ഷണം ഊട്ടുന്നതു.
സർദാർജി ചരിതം പറഞ്ഞു ഞാൻ കാടുകയറിപ്പോയി... .ഇനിയും അരമണിക്കൂർ എടുക്കും റെയിൽവേ സ്റ്റേഷനിലെത്താൻ ...ബാക്കി അടുത്ത പോസ്റ്റിലാകാം... !
(തുടരും)
Comentarios