top of page
Search
Writer's pictureJAISE SAMUEL

ഡൽഹി-വഴിയോരകാഴ്ചകൾ-ഭാഗം-2

Updated: Jan 5, 2023

സരായ് ജൂലിയാന ഗ്രാമം പിന്നിട്ട് ഞങ്ങൾ മഥുര റോഡിലേക്കു കയറുകയാണ്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ റോഡാണ് മഥുര റോഡ്. ഡൽഹിയെ കൊൽക്കൊത്തയുമായി ബന്ധിപ്പിക്കുന്ന പഴയ NH2 (ഇപ്പോൾ NH19)ഏതാണ്ട് 1465 കിലോമീറ്റർ നീളത്തിൽ ഹരിയാന,ഉത്തർപ്രദേശ്,ബീഹാർ,ജാർഖണ്ഡ്,വെസ്റ്റ് ബംഗാൾ ഞ-ൻ-കണ-ട-ഡൽഹ-വഴ-യ-രക-ഴ-ചകൾ-ഭ-ഗ-2സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു. 2500 വർഷത്തോളമായി മധ്യേഷ്യയെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന ഗ്രാൻഡ് ട്രങ്ക് റോഡ് ഈ ഹൈവേയുടെ ഭാഗമാണ്.

സരായ് ജൂലിയാനയുടെ വലതു വശത്തായി ദി സൂര്യ ഹോട്ടൽ തലയുയർത്തി നിൽക്കുന്നു.രാജ്യ തലസ്ഥാനത്തെ ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ ഒന്നാണിത്. അതോടു ചേർന്നാണ് കമ്മ്യുണിറ്റി സെന്റർ എന്നറിയപ്പെടുന്ന ന്യൂ ഫ്രണ്ട്‌സ് കോളനി മാർക്കറ്റ് . എല്ലാ വൈകുന്നേരങ്ങളിലും സുഹൃത്തിനൊപ്പം ഇവിടെ ഒരു ചുറ്റിക്കറങ്ങൽ പതിവാണ്. ദില്ലിയുടെ പലഭാഗങ്ങളിലും റെസിഡെൻഷ്യൽ ഏരിയയ്ക്കടുത്തു ഇത്തരം ചെറിയ മാർക്കറ്റുകൾ കാണാം. സൂപ്പർമാർക്കറ്റുകളും ബാങ്കുകളും റെസ്റ്റൊറന്റുകളും, ധാബകളും കെഎഫ്‌സി ,പിസ്സഹട്ട്, മക്ഡൊണാൾഡ്‌സ്, സബ്‌വേ ,ഡോമിനോസ് പിസ്സ തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകളുടെ വരെ നീണ്ട നിര ഇത്തരം മാർക്കറ്റുകളിൽ കാണാം. കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങൾ ലഭ്യമാകുന്ന പുസ്ടകകക്കടകൾ ആണ് ഈ കേന്ദ്രങ്ങളുടെ ഒരാകർഷണം . ഒരുപക്ഷെ കേരളത്തിന് അപരിചിതമായ കാഴ്ച. സന്ധ്യയാകുന്നതോടെ ഈ കേന്ദ്രങ്ങൾ തിരക്കിലാകും.. സുഹൃത്തുക്കളും പ്രണയിതാക്കളുമായി ഒക്കെ ചെറുപ്പക്കാരുടെ ഒരു വലിയ കൂട്ടമാണ് ഇത്തരം മാർക്കറ്റുകളെ സജീവമാക്കുന്നത്. അവിടെ ചുറ്റിത്തിരിയുമ്പോൾ തീർച്ചയായും കഴിഞ്ഞുപോയ യൗവ്വനത്തെക്കുറിച്ചു വല്ലാത്ത നഷ്ടബോധം തോന്നും. വ്യക്തി സ്വാതന്ത്ര്യം അതിന്റെ പരകോടിയിൽ ആസ്വദിക്കുന്ന യുവത്വത്തോട് വല്ലാത്ത അസൂയതോന്നും. സദാചാര വിലക്കുകളുടെ ചങ്ങലയിൽ ഇപ്പോഴും ചുറ്റിത്തിരിയാനാണ് കേരളീയ യുവത്വത്തിന്റെ വിധി. സമ്മർദം നിറഞ്ഞ പകൽ ജോലിക്ക് ശേഷം ഇത്തരം കേന്ദ്രങ്ങളിലേ സന്ദർശനം തീർച്ചയായും ഈ യുവാക്കൾക്കു വലിയ മാനസികോല്ലാസം നൽകുന്നുണ്ട്.


ഞങ്ങളിപ്പോൾ മഥുര റോഡിൽ കടന്നിരിക്കുന്നു. ഇന്നു വലിയ തിരക്ക് കാണാനില്ല. അപൂർവ കാഴ്ചയാണിത്.സരായ് ജൂലിയാന മുതൽ ആശ്രം ചൗക് വരെയുള്ള നാലു കിലോമീറ്ററിലെ രണ്ടോ മൂന്നോ ട്രാഫിക് സിഗ്നൽ കടന്നുപോകാൻ ചിലപ്പോൾ അര മുക്കാൽ മണിക്കൂർ വരെ എടുത്തേക്കാം. സ്‌കൂളുകൾ കഴിയുന്ന രണ്ടു മണി മുതൽ മൂന്നുവരെയുള്ള സമയത്തു റോഡുകൾ നിറഞ്ഞുകവിഞ്ഞു വാഹനങ്ങൾ ആയിരിക്കും. ഒന്നര ലക്ഷത്തിലധികം സ്വകാര്യ -വാണിജ്യ വാഹനങ്ങൾ ആശ്രമം ക്രോസിങ്ങിലൂടെ ഒരുദിവസം കടന്നുപോകുന്നു എന്നാണ് ഗവണ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ റൈറ്റ്സ് ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. റോഡിനുൾക്കൊള്ളാവുന്നതിന്റെ ഇരുപത്തഞ്ചു ശതമാനത്തിലധികമാണ് വാഹനബാഹുല്യം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിന്താ ശൂന്യമായ റോഡ് പ്ലാനിങ് ആണ് ഈ കടുത്ത വാഹനബാഹുല്യത്തിനും തിരക്കിനും കാരണം.


ഇടതു വലതു വശങ്ങളിലായി കാണുന്നതാണ് ന്യൂ ഫ്രണ്ട്‌സ് കോളനിയും ഫ്രണ്ട്‌സ് കോളനി(ഈസ്റ്റ് ആൻഡ് വെസ്റ്റ്)യും. സൗത്ത് ഡൽഹിയിലെ ഏറ്റവും വിലയേറിയ റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നാണ് ന്യൂ ഫ്രണ്ട്‌സ് കോളനി. എ, ബി, സി, ഡി എന്നിങ്ങനെ നാല് ബ്ലോക്കുകളായി ആയിരം ഏക്കറോളം വ്യാപിച്ചു കിടക്കുന്നു ന്യൂ ഫ്രണ്ട്‌സ് കോളനി. 1970 ൽ ഇവിടുത്തെ താമസക്കാരായിരുന്ന ഗുജ്ജാറുകളിൽ നിന്നും ഇത്രയും വസ്തു വിലയ്ക്ക് വാങ്ങി രാംലാൽ ജഗ്ഗി എന്നി ബിസ്സിനെസ്സുകാരൻ ആണ് ഇവിടെ റെസിഡൻഷ്യൽ കോളനി ഉണ്ടാക്കിയത്. കേട്ടാൽ ഞെട്ടരുത്, ഇന്ന് കോടികൾ വിലമതിക്കുന്ന പ്ലോട്ടുകൾ ഒരു സ്‌ക്വയർ യാർഡിനു വെറും 50 പൈസയ്ക്കാണ് ജഗ്ഗി നേവിയിലെയും ആർമിയിലെയും ഉദ്യോഗസ്ഥർക്കും ബിസ്സിനസ്സുകാർക്കും വിറ്റത് . കഴിഞ്ഞ പത്തോ ഇരുപതോ വർഷമായി ന്യൂ ഫ്രണ്ട്‌സ് കോളനിയ്ക്കു സമീപത്തു താമസിക്കുന്ന മലയാളികൾക്ക് സ്വപ്നം കാണാനോ കേട്ടാൽ വിശ്വസിക്കാനോ കഴിയാത്ത ഒരു സത്യമുണ്ട്. ഡൽഹിയിലെ 'മറൈൻ ഡ്രൈവ് ' എന്നായിരുന്നു ന്യൂ ഫ്രണ്ട്സ് കോളനി അറിയപ്പെട്ടിരുന്നത്. യമുനാനദിയുടെ തീരത്തു റിവർ വ്യൂ ഫ്ളാറ്റുകളായിട്ടാണ് ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ ആദ്യവീടുകൾ പണികഴിപ്പിച്ചത്. 1978 ൽ യമുനയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ ആളുകൾക്ക് വീടൊഴിഞ്ഞു പോകേണ്ടി വന്നിരുന്നു. ഈ തലമുറയിലെ ആളുകൾക്ക് യമുനാനദി കാണണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം.1975 ൽ പോലും ഈ ന്യൂ ഫ്രണ്ട് കോളനിയിൽ റോഡോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല .1980 കളോടെയാണ് ഇവിടെ റിങ് റോഡ് വരുന്നതും ന്യൂ ഫ്രണ്ട്‌സ് കോളനി ഡൽഹിയിലെ പ്രൈം ലൊക്കേഷൻ ആയി മാറുന്നതും. പ്രിയങ്ക ഗാന്ധി , സൽമാൻ ഖുർഷിദ്, കപിൽ സിബൽ, മീരാകുമാർ തുടങ്ങി രാഷ്ട്രീയത്തിലെ വമ്പന്മാർ ഉൾപ്പെടെയുള്ളവർ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ താമസക്കാരാണ്. ആശ്രം ചൗക്കിലേക്കടുക്കുമ്പോൾ ഇടതു വശത്തു ന്യൂ ഫ്രണ്ട്‌സ് കോളനി വെസ്റ്റിൽ കാണുന്ന ആ കെട്ടിടം ശ്രദ്ധിക്കാതിരിക്കാനാവില്ല. ഡൽഹിയിലെ പാർശ്വവത്കരിക്കപ്പെട്ട, തട്ടിക്കൊണ്ടു പോകപ്പെട്ട , പീഡിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് ബാല്യങ്ങൾക്കു പുത്തൻ സ്വപ്‌നങ്ങൾ പകർന്നു കൊടുത്ത ഒരു പ്രസ്ഥാനത്തിന്റെ കേന്ദ്ര ആസ്ഥാനമാണത്. കൈലാഷ് സത്യാർത്ഥി ഫൌണ്ടേഷൻ ഫോർ ചിൽഡ്രൻ. അതെ , 2014 ൽ മലാല യൂസഫ് സായിയോടൊപ്പം സമാധാന നോബൽ സമ്മാനം പങ്കിട്ട കൈലാഷ് സത്യാർത്ഥിയുടെ ഓഫീസാണത്. ശരാശരി ഇരുപതു കുട്ടികൾ ഒരുദിവസം ഡൽഹിയിൽ കാണാതാവുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്യപ്പെടുന്നുണ്ട് എന്ന് മനസിലാക്കുമ്പോഴാണ് സത്യാർഥിയെ പോലെയുള്ളവരുടെ സേവനം എത്ര വിലമതിക്കാനാവാത്തതാണെന്നു അറിയുക. മഥുര റോഡിലെ ഏറ്റവും തിരക്കേറിയ ആശ്രം ചൗക്കിലാണ് ഞങ്ങൾ ഇപ്പോൾ. മെട്രോ നിർമ്മാണം കാരണം കഴിഞ്ഞ മൂന്നു വർഷത്തോളമായി ഏറ്റവുമധികം റോഡ് ബ്ലോക്കുള്ള സ്ഥലമാണ് ആശ്രം . കഴിഞ്ഞ ഡിസംബർ 31 നാണു പിങ്ക് ലൈനിലുള്ള ആശ്രം മെട്രോ സ്റ്റേഷൻ യാത്രക്കാർക്കായി തുറന്നു കൊടുത്തത്. സാധാരണ മെട്രോ സ്റ്റേഷനുകൾ ശരാശരി 265 മീറ്റർ ആശ്രം സ്റ്റേഷൻ വെറും 150 മീറ്റർ ആണെന്ന് മാത്രമല്ല ലോകത്തിലെ ഏറ്റവും ചെറിയ മെട്രോ സ്റ്റേഷൻ എന്ന പദവിയും കൂടി ഇതിനുണ്ട്. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിൽ വന്ന തടസ്സം കാരണമാണിത് സംഭവിച്ചത് . അതുകൊണ്ടുതന്നെ സ്ഥലം ലാഭിക്കുന്നതിനായി തിരശ്ചീനമായി പണിയുന്നതിന് പകരം ലംബമാനമായിട്ടാണ് സ്റ്റേഷന്റെ നിർമിതി. റിങ്‌റോഡും മഥുര റോഡും ചേരുന്ന ജംഗ്ഷൻ ആണ് ആശ്രം ചൗക് . യാത്രക്കാർക്കായി മൂന്ന് വശത്തേയ്ക്കും സ്റ്റേഷനിൽ നിന്നുള്ള പ്രവേശന/ബഹിർഗമന ഗേറ്റുണ്ട്. ഡൽഹിയെ കൊൽക്കൊത്തയുമായി ബന്ധിക്കുന്ന എൻ എഛ് 2 വിന്റെ ഭാഗമായ മഥുര റോഡ് തിരക്കേറിയ ഗ്രാൻഡ് ട്രങ്ക് റോഡുമായി ഫരീദാബാദിൽ ചേരുന്നതിനാൽ അന്തർസംസ്ഥാന ട്രക്കുകളുടെയും മറ്റു വാണിജ്യ വാഹനങ്ങളുടെയും നീണ്ടനിരതന്നെ എപ്പോഴും ഈ റോഡിൽ കാണാം. കുറെ നേരമെങ്കിലും സിഗ്നൽ കാത്തുകിടക്കേണ്ടി വരും ഇവിടെ.

(എഡിറ്റ് :-2019 ലാണ് ഫേസ്ബുക്കിൽ നാട്ടിലേക്കുള്ള യാത്രയിൽ ഈ കുറിപ്പ് എഴുതുന്നത്. ഇപ്പോൾ 2023 ജനുവരി ഒന്നിൽ എത്തിയിരിക്കുന്നു. ആശ്രം ചൗക്ക് ആകെ മാറിയിരിക്കുന്നു. പഴയ തിരക്കോ വാഹനങ്ങളുടെ നീണ്ട ക്യൂവോ ഒന്നും ഇന്ന് കാണാനില്ല. ആശ്രം ജങ്ഷനിൽ ഡൽഹി സർക്കാർ പണികഴിപ്പിച്ച അടിപ്പാത നാലുവശത്തേയ്ക്കുമുള്ള വാഹനങ്ങളെ പരസ്പരം തടസ്സം സൃഷ്ടിക്കാതെ കടന്നുപോകാൻ അനുവദിക്കുന്നു. പുതിയ ഫ്‌ളൈ ഓവറും അടിപ്പാതയും ആശ്രം ജങ്ഷന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. അതേപ്പറ്റി വിശദമായി മറ്റൊരു പോസ്റ്റിൽ പറയാം.) ഇനി ഇത്തിരി വിശ്രമം ആകാം..ബാക്കി സ്റ്റേഷനിൽ എത്തിയിട്ട് പോസ്റ്റ് ചെയ്യാം...! (തുടരും)


40 views0 comments

Comments


bottom of page