"ആർസിയാൻ സാരി മേം,ചേഹരേ പേ ലിഖ് കാ ലായ ഹും "....
സൂഫി സംഗീതത്തിന്റെ അനിർവചനീയമായ ഭാവലയങ്ങൾ ഇഴചേർത്ത് 2009 ൽ പുറത്തിറങ്ങിയ ഡൽഹി 6 ലെ എ ആർ റഹ്‌മാൻ സംഗീതം ചെയ്ത ഗാനം.കേട്ടാലും കേട്ടാലും മതിവരാത്ത ഖവാലി സംഗീതം. ചുണ്ടുകളിൽ വീണ്ടും വീണ്ടും ഓടിയെത്തി മനസ്സിൽ കുളിർമഴപെയ്യിക്കുന്ന ആലാപനം.സംഗീതത്തിന്റെ ആനന്ദ നിർവൃതിയിൽ ലയിച്ചു ഭക്തിയുടെ ആഴങ്ങളിൽ ഇല്ലാതെയാകാൻ കൊതിയുണ്ടോ ? ശുദ്ധമായ സൂഫിസംഗീതത്തിന്റെ സാഗരം തീർക്കുന്ന, ഖവാലി സംഗീതത്തിന്റെ തേന്മഴ പെയ്തൊഴിയുന്ന സംഗീതസന്ധ്യ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കു വ്യത്യസ്തമായ അനുഭവമാകും ദർഗ നിസാമുദീനിലെ വ്യാഴാഴ്ചകളിലെ ഖവാലി സംഗീതസഭ.
ആശ്രം ചൗക്ക് പിന്നിട്ടു ഭോഗൽ ജങ്ഷനിൽ എത്തിയിരിക്കുന്നു. അവിടെ നിന്ന് വലത്തേക്ക് പോകുന്ന റോഡിലൂടെ രണ്ടു കിലോമീറ്റർ പിന്നിട്ടാൽ നമ്മൾ ഹസ്രത് നിസാമുദീൻ സ്റ്റേഷനിൽ എത്തും. കേരളത്തിലേക്കുള്ള പല ട്രെയിനുകളും പുറപ്പെടുന്നത് ഇവിടെ നിന്നാണെങ്കിലും കേരളാ എക്സ്പ്രസ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പുറപ്പെടുന്നത്.
ഹസ്രത് നിസാമുദിൻ സിഗ്നൽ കടന്നാൽ നമ്മൾ പെട്ടെന്ന് തിരക്കേറിയ ഒരു പ്രദേശത്തേയ്ക്കാണ് എത്തുക . ഇതാണ് പ്രസിദ്ധമായ നിസാമുദീൻ ദർഗ. പതിമൂന്നാം നൂറ്റാണ്ടിൽ (1238-1325 CE ) ജീവിച്ചിരുന്ന പ്രസിദ്ധ സൂഫിവര്യനായിരുന്ന ക്വാജാ നിസാമുദിൻ ആലിയയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ക്വാജ നിസാമുദിൻ ആലിയയ്ക്കു സമർപ്പിച്ചു കൊണ്ടുള്ള ഖവാലിയാണ് റഹ്‌മാന്റെ 'ആർസിയാൻ..' .ദിവസവും നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ സന്ദര്ശനത്തിനെത്തുന്നത്. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരവും അരങ്ങേറുന്ന പ്രസിദ്ധമായ സംഗീത സഭ ക്വവാലി സംഗീതത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് നമ്മെ കൈപിടിച്ചുകൊണ്ടുപോകും. നിസാമുദീൻ ദർഗ നിങ്ങള്ക്ക് രൺബീർ കപൂറിന്റെ 'റോക്സ്റ്റാർ' സിനിമയിൽ കാണാം.ആ സിനിമ ഷൂട്ട് ചെയ്തത് നിസാമുദ്ധീൻ ദർഗെയിലാണ്. ക്വവാലി സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സൂഫി സംഗീതജ്ഞനും കവിയുമായ അമീർ ഖുസ്രുവിന്റെ ശവകുടീരവും ഇതിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത് . ഉറുദു ഭാഷയുടെ പിതാവ് എന്നും അദ്ദേഹം അറിയപ്പെടുന്നു.
സംഗീതത്തിന്റെ മനം മയക്കുന്ന ദർഗയോട് ചേർന്നുള്ള മാർക്കറ്റ് അറേബ്യൻ സുഗന്ധദ്രവ്യങ്ങളുടെയും ഈന്തപ്പഴങ്ങളുടെയും വലിയൊരു വിപണന കേന്ദ്രം കൂടിയാണ്. ദില്ലി സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണിത്.
ദർഗയോട് ചേർന്നാണ് ഹസ്രത് നിസാമുദീൻ പോലീസ് സ്റ്റേഷൻ .പോലീസ് സ്റ്റേഷൻ പിന്നിടുമ്പോൾ നേരെ മുൻപിൽ റോഡിനു നടുവിലായി ഒരു നിർമിതി കാണാം . ഒരു റൌണ്ട് എബൌട്ട് ആയി ഉപയോഗിക്കുന്ന ഈ സ്മാരകമാണ് സബ്ജ് ബുർജ് (Sabz Burj) . നീല ടൈൽ പാകിയ ഗോളാകൃതിയിലുള്ള ഒരു മകുടമാണ് ഇതിനുള്ളത്. സബ്ജ് ബുർജ് എന്നതിന്റെ അർഥം പച്ച മകുടം എന്നാണ്. ചിലർ ഇതിനെ neeli chathri അഥവാ നീലക്കുട എന്നും വിളിക്കാറുണ്ട് . ആരാണ് ഇത് ഉണ്ടാക്കിയതെന്ന് കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമില്ല. എങ്കിലും മുഗൾ ചക്രവർത്തിയായ ജഹാൻഗീറിന്റെ കാലത്ത് ജീവിച്ചിരുന്ന ഫാഹിം ഖാൻ ആണ് ഇത് നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഇതിന്റെ വലതുവശത്തായിട്ടാണ് പ്രസിദ്ധമായ ഹുമയൂൺ ശവകുടീരം (Humayun Tomb). ചരിത്രകുതുകികൾക്കു ഒരു ദിവസം മുഴുവൻ പഠിക്കാനുള്ള ചരിത്രവിഭവങ്ങൾ അവിടെയുണ്ട്. അതേക്കുറിച്ചു വിശദമായ ഒരുപോസ്റ്റ് പിന്നാലെയിടാം .
സരായ് ജൂലിയാന മുതൽ ന്യൂഡൽഹി വരെയുള്ള യാത്രയുടെ വഴിയോരക്കാഴ്ചകളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം മാത്രമേ ഇപ്പോൾ ഉദ്ദേശിക്കുന്നുള്ളൂ.എട്ട് വർഷത്തെ ദില്ലി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി കണ്ടിട്ടില്ലാത്തവർക്കായി ദില്ലിയുടെ ഒരു ചെറിയ ഭാഗത്തിന്റെ വെറുമൊരു ചെറു വിവരണം മാത്രമാണിത്.വർഷങ്ങൾ എഴുതിയാൽ തീരില്ല ഇന്ദ്രപ്രസ്ഥത്തിന്റെ ചരിത്രം. ദില്ലിയുടെ പൗരാണിക ചരിത്രത്തിന്റെ എഴുതപ്പെട്ട രേഖകളൊന്നും ലഭ്യമല്ലെങ്കിലും ഒമ്പതാം നൂറ്റാണ്ടിൽ ദില്ലി ഭരിച്ചിരുന്ന തോമാർ വംശം മുതൽ ഇങ്ങോട്ടു ബ്രിട്ടീഷ് കൊളോണിയൽ ഭരണം വരെ..പിന്നെ സ്വാതന്ത്യാനന്തര ഇന്ത്യയിലെ ഇന്നുവരേയുള്ള ജനാതിപത്യ രാജാക്കന്മാരുടെ ഭരണം വരെ.ദില്ലിയുടെ ചരിത്രം ഒരു മഹാ സാഗരം പോലെ പരന്നു കിടക്കുകയാണ്
പറയാവുന്നത്ര ചരിത്രങ്ങളും കഥകളും സമയം പോലെ പതിയെ പറയാം എന്ന് കരുതുന്നു
(തുടരും)
Comentarios