കൊണാട്ട് പ്ലേസ് സിഗ്നലിൽ പച്ചവെളിച്ചം തെളിഞ്ഞു..തിരക്കേറിയ റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന നൂറുകണക്കിന് വാഹനങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനം പതിയെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുകയാണ്.
രാജ്യതലസ്ഥാനത്തെ ഏറ്റവും പാരമ്പര്യത്തനിമയാർന്ന പ്രൗഢഗംഭീരമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ് കൊണാട്ട് പ്ലേസിനെ ദില്ലിയിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്നതു. 1911 ൽ ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ദില്ലിയിലേക്ക് പറിച്ചുനടാൻ ബ്രിട്ടീഷ് ഗവണ്മെന്റ് തീരുമാനിച്ചതോടെയാണ് പഴയ ദില്ലിയോട് ചേർന്ന് പുതിയ നഗരം പണിതുയർത്താൻ ചുമതലപ്പെട്ട ആർക്കിടെക്റ്റായ റോബർട്ട് തോർ റസ്സൽ തന്റെ മാസ്റ്റർപീസ് സൃഷ്ടിയായ കൊണാട്ട്പ്ലേസ് രൂപകൽപന ചെയ്തത്.. 2018 ൽ ലോകത്തെ ഏറ്റവും ചിലവേറിയ ഓഫീസ് ഇടങ്ങളിൽ ഒൻപതാമത്തെ സ്ഥാനമായിരുന്നു കൊണാട്ട്പ്ലേസിനു ഉണ്ടായിരുന്നത്. വിക്ടോറിയാ രാജ്‌ഞിയുടെ മകനായ ആർതർ രാജകുമാരന്റെ ( Prince Arthur, 1st Duke of Connaught and Strathearn) പേരിൽ നിന്നാണ് കൊണാട്ട്പ്ലേസ് എന്ന് പേര് വന്നത്.
ഒരു ദിവസം അഞ്ച് ലക്ഷത്തോളം യാത്രക്കാർ വന്നുപോകുന്ന ദില്ലിയിലെ ഏറ്റവും തിരക്കേറിയ രാജീവ് ചൗക്ക് (രാജീവ് ഗാന്ധി) മെട്രോ സ്റ്റേഷൻ കൊണാട്ട്പ്ലേസിനു കീഴെയുള്ള ഭൂഗർഭ സ്റ്റേഷനാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ കാശ്മീരി ഗേറ്റിലെയും സിവിൽ ലൈനിലെയും ആളുകൾ വേട്ടയ്ക്കായി സന്ദർശിച്ചിരുന്ന കുറുക്കനും കാട്ടുപന്നികളും വിഹരിച്ചിരുന്ന സ്ഥലമാണ് ലുട്യൻസിന്റെ ഡൽഹിയുടെ പ്ലാനിനു കീഴിൽ വാണിജ്യകേന്ദ്രമായി വികസിപ്പിച്ചെടുത്തു ഇന്ന് നാം കാണുന്ന കൊണാട്ട്പ്ലേസ് ആക്കിയത്. ക്ലാസിക്കൽ ശൈലിയിലുള്ള ഈ കെട്ടിടനിർമ്മിതികൾ ഒരുനൂറ്റാണ്ടിലേക്കെത്തുമ്പോഴും ആ പഴമയും തനിമയും പലയിടങ്ങളിലും ഇപ്പോഴും നിലനിർത്തുന്നുണ്ട്. ചിലവയൊക്കെ നവീകരണത്തിനും വിധേയമായിട്ടുണ്ട്. ഇംഗ്ലണ്ടിലെ ബാത്ത് കൗണ്ടിയിലെ റോയൽ ക്രെസെന്റ് വീടുകളുടെ മാതൃകയിലാണ് .ഇത് പണിതിരിക്കുന്നത്. പൂർണ്ണ വൃത്താകൃതിയിലുള്ള മൈതാനത്തിനു ചുറ്റും ഭൂനിരപ്പിലുള്ള നില വ്യാപാരത്തിനും മുകൾ നില താമസത്തിനും എന്ന നിലയിലാണ് ഇ രണ്ടുനില കെട്ടിടങ്ങൾ പണിതിട്ടുള്ളത്. ഈ മൈതാനത്തിന്റെ അടിയിലാണ് പ്രശസ്തമായ ഭൂഗർഭ മാർക്കറ്റ് 'പാലികാ ബസാർ ' സ്ഥിതി ചെയ്യുന്നത്. 2008 ൽ രാജ്യത്തിന്റെ ശത്രുക്കളായ ഭീകരരുടെ ബോംബ് സ്ഫോടനങ്ങൾക്കും കൊണാട്ട് പ്ലേസ് സാക്ഷ്യം വഹിച്ചു.
ദില്ലിയിലെ ആദ്യത്തെ ആഡംബര ഹോട്ടൽ 'ദ ഇമ്പീരിയൽ 'ഇവിടെയാണ് ഉള്ളത്. രാജ്യത്തിന്റെ മനസ്സിലും ശരീരത്തിലും ഒരിക്കലും മായിക്കാനാവാത്ത മുറിവുകൾ സൃഷ്ടിച്ചു, രാജ്യം ഇന്ന് നേരിടുന്ന ആ വലിയ ദുരിതങ്ങൾക്ക് വിത്തും വളവും ഇട്ടതു ഈ ഹോട്ടലിന്റെ ആഡംബര മുറികളിലും ലോബിയിലുമാണ് . അതേ, ഇന്ത്യ വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി ഗാന്ധി, നെഹ്‌റു, ജിന്ന, മൗണ്ട് ബാറ്റൺ എന്നിവർ ഒത്തുകൂടിയത് ഇവിടെയായിരുന്നു. കൊണാട്ട് പ്ലേസിലെ തലയുയർത്തി നിൽക്കുന്ന എൽ ഐ സി യുടെ ജീവൻ ഭാരതീ ബിൽഡിംഗ് പ്രശസ്ത ആർക്കിടെക്ട് Charles Correa ഡിസൈൻ ചെയ്തതാണ്.
കൊണാട്ട് സർക്കിളിൽ നിന്ന് രണ്ടു കിലോമീറ്റർ പിന്നിട്ടാൽ നമ്മൾ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തുകയാണ്. ഇപ്പോൾ സമയം പത്തരയാകാറായി. ഏകദേശം ഒരു മണിക്കൂറിലധികം സമയമെടുത്തു സരായ് ജൂലിയാന മുതൽ സ്റ്റേഷൻ വരെയുള്ള പന്ത്രണ്ടു കിലോമീറ്റർ താണ്ടാൻ. ദില്ലി പോലെ തിരക്കേറിയ ഒരു മെട്രോ നഗരത്തിൽ അതൊരു പുതുമയുള്ള സംഭവമല്ല. റോഡുകൾ നിറഞ്ഞു കവിഞ്ഞൊഴുകുന്ന വാഹനപ്പെരുപ്പം നിയന്ത്രിക്കാനായില്ലെങ്കിൽ സമീപഭാവിയിലൊന്നും ഈ ദുരവസ്ഥയ്ക്ക് മാറ്റം വരാൻ പോകുന്നില്ല.നഗരത്തിന്റെ മാലിന്യ പൂരിത അന്തരീക്ഷത്തിനു ഏറ്റവും അധികം സംഭാവന നൽകുന്നത് ഈ വാഹനങ്ങൾ ആണ്. എല്ലാവിധ നിയന്ത്രണങ്ങളെയും മറികടന്നു മലിനീകരണം വർധിക്കുന്ന പ്രവണത ആണ് ദൃശ്യമാകുന്നത്. നഗരം മുഴുവൻ വ്യാപിക്കുന്ന മെട്രോയ്ക്ക് റോഡിലെ തിരക്കൊട്ടും തന്നെ കുറയ്ക്കാനായിട്ടില്ലെന്നതാണ് അനുഭവം നൽകുന്ന പാഠം.
പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും സ്വകാര്യ വാഹന ഉപയോഗം പരിമിതപ്പെടു
ത്തുകയും ചെയ്യുന്ന ഒരു സംസ്കാരം ശീലിക്കുന്ന പുതിയ തലമുറ ഉണ്ടാകേണ്ടിയിരിക്കുന്നു രാജ്യത്തിന്റെ പുരോഗതിക്ക്. മരിക്കും മുൻപ് അതൊന്നും കാണാനാകില്ലെന്ന നിരാശയോടെ ചിന്തിച്ചുകൊണ്ട് ഡ്രൈവറോട് യാത്ര പറഞ്ഞു ,ബാഗുകളുമെടുത്തു ,മക്കളുടെ കയ്യും പിടിച്ചു ഞാൻ സ്റേഷനുള്ളിലേക്കു നടന്നു..
(തുടരും)
Comments