top of page
Search
Writer's pictureJAISE SAMUEL

ചരിത്രമുറങ്ങുന്ന ഇന്ദ്രപ്രസ്ഥം -ഭാഗം 1 (ഇന്ത്യാ ഗേറ്റ്)

ന്യൂ ഡൽഹി !


ഈ പേരുകേട്ടാൽ ഒരിക്കലും ദില്ലി കണ്ടിട്ടില്ലാത്തവരുടെ പോലും മനോമുകുരത്തിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. അതെ,മറ്റൊന്നുമല്ല ,ഇൻഡ്യാ ഗേറ്റ് ! ദില്ലിയുടെ തിലകക്കുറിയായി തിളങ്ങുന്ന ഇന്ത്യഗേറ്റ് ! ദില്ലിയുടെ മാത്രമല്ല ,നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ,അടയാളപ്പെടുത്തുന്ന ദൃശ്യ ചിഹ്നങ്ങളിൽ ഏറ്റവും പ്രഥമസ്ഥാനം ഇൻഡ്യാഗേറ്റിനു തന്നെ, സംശയം വേണ്ട . !

തലസ്ഥാന നഗരിയിലെ ചൂട് അതിന്റെ ഉച്ചാവസ്ഥയിലെത്തുന്ന ആഗസ്ത് മാസത്തിലാണ്, ചരിത്രപുസ്തകങ്ങളിലെ ആ സ്വപ്നഭൂമികയിൽ ആദ്യമായി കാലുകുത്തുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ കഠിനമായ ചൂട് മനുഷ്യനെ തളർത്തിക്കളയുന്ന ആ സമയത്താണ് ഭാര്യക്കൊപ്പം ഒരു മത്സരപ്പരീക്ഷക്കായി രാജ്യതലസ്ഥാനത്തെത്തുന്നത്. ഒരു ചെറിയ ബാഗിൽ ചുരുട്ടിക്കെട്ടിയ ഒന്നോ രണ്ടോ ഉടുവസ്ത്രങ്ങളുമായി ദില്ലിയ്ക്കു ട്രെയിൻകയറുമ്പോൾ വരും വർഷങ്ങളിൽ ജീവിതത്തിന്റെ ഭാഗദേയം നിർണയിക്കാൻ പോകുന്നത് ഈ മഹാനഗരം ആണെന്നു സ്വപ്നേപി വിചാരിച്ചിരുന്നില്ല. ഇരുൾമൂടിയ ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷന്റെ ഏതോകോണിൽ വന്നിറങ്ങുമ്പോൾ സ്വപ്നങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമൊന്നും എന്നെ അലട്ടിയിരുന്നില്ല .അതുകൊണ്ടുതന്നെ ,തിരിഞ്ഞുനോക്കുമ്പോൾ ദില്ലിയിലെ കഴിഞ്ഞവർഷങ്ങളൊക്കെ നിരാശയ്ക്കോ ഇച്ഛാഭംഗത്തിനോ കാരണമായിട്ടില്ലെന്നു തന്നെ പറയേണ്ടിവരും. മറിച്ചു, ഒരിക്കലും മരിക്കാത്ത മനോഹരങ്ങളായ ഓർമകളുടെ ഒരു പറുദീസ തന്നെയാണ് ദില്ലി എനിക്ക് സമ്മാനിച്ചിട്ടുള്ളത്. ആ രാത്രിയിൽ ,നിസാമുദീൻ സ്റ്റേഷന്റെ പ്രധാന വാതിലിലൂടെ പ്രതീക്ഷകളുടെ സ്വപ്നനഗരി തേടിവന്ന അനേകായിരങ്ങളുടെ അണമുറിയാത്ത ആ ഒഴുക്കിൽ ഞങ്ങൾ പുറത്തുകടന്നു. തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്ന ഓട്ടോകളിൽ ഒന്നിൽ കയറി ,സന്ധ്യക്ക്‌ വീടണയാൻ ,രാത്രി ആഘോഷിക്കാൻ, മറ്റു ആവശ്യങ്ങളുമായി പരക്കം പായുന്ന എണ്ണിയാലൊടുങ്ങാത്ത ജനസാഗരത്തിൻറെ തിരക്കിൽ ഞങ്ങളും അലിഞ്ഞു ചേർന്നു.


ഏതാനും ദിവസങ്ങൾ ഡൽഹിയിൽ തങ്ങാനെത്തിയ ഞങ്ങൾ പ്രധാന ഉദ്ദേശമായ എക്സാം കഴിഞ്ഞതോടെ പിന്നെ ഒഴിവുസമയങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയിലായി. അങ്ങനെയാണ് അടുത്ത ദിവസം തന്നെ ഇൻഡ്യാ ഗേറ്റും പാർലമെന്റും രാഷ്‌ട്രപതി ഭവനും അടങ്ങുന്ന പ്രദേശങ്ങൾ കാണാം എന്ന് തീരുമാനിച്ചത്. ബ്രിട്ടീഷ് അടിമനുകത്തിൻ കീഴിൽ നൂറ്റാണ്ടുകൾ അടിച്ചമർത്തപ്പെട്ട മുപ്പത്താറു കോടിയോളം വരുന്ന ജനങ്ങൾ തങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാക്കാനും, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ സാമന്തരാജ്യം എന്ന പദവിയിൽ നിന്നും പൂർണ്ണമായും വിടുതൽ പ്രാപിച്ചു, മറ്റേതു സ്വതന്ത്ര രാജ്യങ്ങളെയും പോലെ സ്വന്തമായ ഭരണഘടന ഉണ്ടാക്കി, ജനങ്ങളുടെ മൗലികമായ അവകാശങ്ങളുടെയും കടമകളുടെയും പുതിയ ആകാശത്തിനു കീഴെ വന്ന, ജനുവരി ഇരുപത്താറിലെ റിപ്പബ്ലിക്ക് ദിനത്തിന്റെ . മേളപ്പെരുക്കത്തിന്റെ ആഘോഷചിത്രങ്ങൾ ടിവിയിലും സിനിമയിലും ഒക്കെ കണ്ടിട്ടുള്ളത് എന്റെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു.രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യഗേറ്റ് വരെ നീളുന്ന രാജ്‌പഥിന്റെ രാജവീഥികളിൽ ഒരിക്കലെങ്കിലും പോകണെമെന്നും ഒന്നാം ലോകമഹായുദ്ധത്തിൽ പേർഷ്യയിലും ബെൽജിയത്തിലും ആഫ്രിക്കയിലും മെസപ്പൊത്തേമിയയിലും മരിച്ചുവീണ ഇന്ത്യക്കാരുടെ സ്മരണയ്ക്കായി ഉണ്ടാക്കിയ ,രാജ്യത്തിന്റെ അടയാളമായി മാറിയ ആ സ്മാരകത്തിന്റെ മുൻപിൽ ചെന്നുനിന്ന് സ്വതന്ത്ര ഭാരതത്തിനായി സ്വജീവൻ ത്യജിച്ച അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ലക്ഷക്കണക്കായ മഹാത്യാഗികളുടെ ജ്വലിപ്പിക്കുന്ന ഓർമകൾക്ക് മുൻപിൽ ഒരുപിടി ഓർമപ്പൂക്കൾ സമർപ്പിക്കണമെന്നും ഞാൻ എന്നോ മനസ്സിൽ കുറിച്ചിരുന്നു.

(ഇൻഡ്യാ ഗേറ്റ് -1930 ) അവധിദിവസത്തിന്റെ തിരക്കുകൾ രാജവീഥിയിൽ അങ്ങോളം ഇങ്ങോളം കാണാം. ചരിത്ര പാഠപുസ്തകത്തിൽ വായിച്ചറിഞ്ഞ ഇന്ദ്രപ്രസ്ഥം കാണാൻ അധ്യാപകർക്കൊപ്പം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന യൂണിഫോമിട്ട കുട്ടികളുടെ വലിയ കൂട്ടങ്ങൾ നിരനിരയായി നടന്നു നീങ്ങുന്നു, ഇരുകൈകളിലും പിടിച്ച കുട്ടികളുമായി എത്തുന്ന ഒരുപാട് കുടുംബങ്ങൾ, വിവിധ പോസുകളിലായി ഇന്ത്യഗേറ്റിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്ന കമിതാക്കൾ , ഓരോ ദിവസവും അസാമാന്യ തിരക്കിൽ വീർപ്പുമുട്ടുകയാണ് ഇൻഡ്യാ ഗേറ്റ് ..അതെ പ്രതീക്ഷിച്ചതിലും വലിയ ജനസഞ്ചയത്തിൽ മുങ്ങിയിരുന്നു ഇൻഡ്യാ ഗേറ്റും പരിസരങ്ങളും.. അവരിലൊരാളായി ഞാനും ആ സ്മാരകത്തിന്റെ അരികിലേക്ക് നടന്നു.

സായം സന്ധ്യയിലെ ചുവന്ന സൂര്യന്റെ പ്രഭയിൽ ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം തലയെടുപ്പോടെ നിന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ അന്നത്തെ ലോകശക്തികളുടെ സാമ്രാജ്യത്ത മോഹങ്ങൾ കൊണ്ടുണ്ടായ ഒന്നാം ലോകമഹായുദ്ധത്തിൽ ,ബ്രിടീഷ് അധിനിവേശ രാജ്യങ്ങളിലെ പടയാളികൾക്കും പങ്കെടുക്കേണ്ടി വന്ന ദുര്യോഗങ്ങളുടെ ഫലമായാണ് ഇന്ത്യക്കാരും ഈ യുദ്ധത്തിൽ ഭാഗഭാക്കാകേണ്ടി വന്നത് . പത്തുലക്ഷത്തോളം ഇന്ത്യൻ പട്ടാളക്കാർ ഈ യുദ്ധത്തിൽ പങ്കെടുത്തു. 74,187 ഇന്ത്യൻ പട്ടാളക്കാർ ആണ് ഈ യുദ്ധത്തിൽ മരിച്ചു വീണത്. ഒന്നാം ലോകമഹായുദ്ധത്തിലും ആംഗ്ലോ -അഫ്ഘാൻ യുദ്ധത്തിലുമായി മരിച്ച തൊണ്ണൂറായിരത്തോളം പട്ടാളക്കാരുടെ ഓർമ്മയ്ക്കായിട്ടാണ് 42 മീറ്റർ ഉയരമുള്ള ഈ മഹാസൗധം ഇന്ദ്രപ്രസ്ഥത്തിന്റെ ഹൃദയഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നത്. ആർച്ചുരൂപത്തിലുള്ള ഈ സ്മാരകത്തിന്റെ കല്ലുകളിൽ കൊത്തിവച്ചിരിക്കുന്നതു ബ്രിട്ടീഷുകാരായ ചില ഓഫിസര്മാരും പട്ടാളക്കാരും ഉൾപ്പെടെ 13,218 ഇന്ത്യൻ പട്ടാളക്കാരുടെ പേരുകളാണ്. അസ്തമയ സൂര്യന്റെ കിരണങ്ങളിൽ ആ പേരുകൾക്കൊപ്പം ദീപ്തമായ ഓർമകളും നമ്മുടെ മനസ്സിൽ ഒരു നിമിഷം വെട്ടിത്തിളങ്ങും, തീർച്ച !

1921, ഫെബ്രുവരി 10 തീയതി വൈകുന്നേരം നാലുമണിയ്ക്കു നടന്ന ഒരു പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിക്ടോറിയ രാഞ്ജിയുടെ പുത്രനും കാനഡ ഗവർണർ ജനറലുമായ പ്രിൻസ് ആർതർ (ഡ്യൂക്ക് ഓഫ് കൊണാട്ട് ) ആണ് സ്മാരകത്തിന് ശിലാസ്ഥാപനം നടത്തുന്നത്.യുദ്ധസമാരകങ്ങളും നഗരങ്ങളും രൂപകൽപന ചെയ്യുന്നതിൽ യൂറോപ്പിലെങ്ങും കേൾവികേട്ട ,ആധുനിക ഡൽഹിയുടെ ശില്പിയായ എഡ്വിൻ ലൂട്ടിയൻസ് ആണ് ആൾ ഇന്ത്യ വാർ മെമ്മോറിയൽ എന്ന പേരിൽ അറിയപ്പെട്ട ഈ സ്മാരകത്തിന്റെയും സ്രഷ്ടാവ്. പത്തുവര്ഷങ്ങൾക്ക് ശേഷം 1931 ഫെബ്രുവരി 12 നു ഈ സ്മാരകം ഉത്‌ഘാടനം ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയുടെ ഇരുപതാമത്തെ വൈസ്രോയിയും ഗവർണർ ജനറലുമായ ലോർഡ് ഇർവിൻ ആണ് ഉത്‌ഘാടനം നടത്തിയത്. ചുവന്ന ഭരത്പൂർ കല്ലുകൾ കൊണ്ടാണ് ഈ സ്മാരകം പണിതീർത്തിരിക്കുന്നത് .

ഇൻഡ്യാ ഗേറ്റിലെ ഏറ്റവും ആകർഷകമായ കാഴ്ച മധ്യഭാഗത്തായി കാണുന്ന അമർ ജവാൻ ജ്യോതി ആണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നിലെ ഇൻഡോ പാകിസ്ഥാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പട്ടാളക്കാരുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ഈ മാർബിൾ സ്തൂപം 1972 ൽ ഉത്‌ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ആയിരുന്നു.. നാല് ജ്യോതികലശങ്ങൾക്കു നടുവിൽ സ്ഥിതിചെയ്യുന്ന കറുത്ത മാർബിൾ സ്തൂപത്തിന്റെ നാലുഭാഗത്തും സ്വർണ്ണത്തിൽ 'അമർ ജവാൻ ' എന്ന് എഴുതിയിരിക്കുന്നു. ജ്യോതികളിൽ ഒന്ന് ഒരിക്കലും അണയാറില്ല . സ്തൂപത്തിന്റെ നടുവിലായി തലകുത്തനെ ഒരു റൈഫിളും അതിന്റെ മുകളിലായി ഒരു പട്ടാള ഹെൽമെറ്റും സ്ഥാപിച്ചിരിക്കുന്നു. 1972 മുതൽ അമർ ജവാൻ ജ്യോതിയിൽ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയും,പ്രസിഡന്റും,പട്ടാള മേധാവികളും പുഷ്പചക്രം സമർപ്പിക്കുന്നത് വിശേഷപ്പെട്ട ഒരു ചടങ്ങു ആയിരുന്നു. ഇത്തവണ ആ ചടങ്ങുണ്ടായില്ല. പകരം ഇന്ത്യഗേറ്റിനോട് ചേർന്ന യുദ്ധസ്മാരകത്തിലാണ് ഇത്തവണ ആ ചടങ്ങു നടന്നത്. രാജ്യത്തിന്റെ അതിരുകൾ കാക്കാനുള്ള കർമ്മത്തിൽ സ്വജീവൻ ദാനം ചെയ്യുന്ന ധീരജവാന്മാർക്കുള്ള ഉചിതമായ സ്മാരകമാണ് അമർ ജവാൻ ജ്യോതി.


തിരക്കുള്ള ദിവസങ്ങളിൽ പതിനായിരം മുതൽ ഒരു ലക്ഷത്തോളം ആളുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ സ്മാരകംകാണാൻ എത്തുന്നു. രാജ്യത്തിൻറെ ധീരരക്തസാക്ഷികളുടെ ഓർമ്മകൾ ഓരോ സന്ദര്ശകരിലേക്കും സന്നിവേശിപ്പിക്കാൻ ഈ സ്മാരകത്തിനു കഴിയുന്നുണ്ട്. ഇൻഡ്യാ ഗേറ്റിനോടനുബന്ധിച്ചു പണികഴിപ്പിച്ചിരിക്കുന്ന 'വാർ മെമ്മോറിയൽ' എന്നറിയപ്പെടുന്ന യുദ്ധസ്മാരകത്തെക്കുറിച്ചു വലിയൊരു പോസ്റ്റിനുള്ളത് എഴുതാനുണ്ട്‌ .അത് മറ്റൊരിക്കലാകാം.

ദില്ലിയുടെ ചരിത്രം ഉണർത്തുന്ന ഓർമകളിൽ ഈ മഹാസൗധത്തിനു മുൻപിൽ എത്രതവണ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് ചോദിച്ചാൽ എനിക്കോർത്തെടുക്കാൻ കഴിയില്ല. ഒഴിവു ദിവസങ്ങളിൽ കുടുംബമായി എവിടെയെങ്കിലും പോകാനിറങ്ങിയാൽ 'ഇൻഡ്യാ ഗേറ്റിലേക്കായിരിക്കും ..ല്ലേ ? എന്ന് കളിയാക്കി ചോദിക്കുന്ന സുഹൃത്തുക്കളുണ്ട്. അതെ, ഏറ്റവും അടുത്തുള്ളതും ഒപ്പം ഞാനേറെ പോകാൻ ഇഷ്ടപ്പടുകയും ചെയ്യുന്ന ഒരിടമാണ് ഇന്ത്യ ഗേറ്റ് .എല്ലാ സായം സന്ധ്യകളിലും രാഷ്‌ട്രപതി ഭവൻ മുതൽ ഇൻഡ്യാ ഗേറ്റ് വരെ, മൂന്നു കിലോമീറ്റർ ദൂരം നീളുന്ന രാജ്‌പഥ് നിറഞ്ഞു കവിഞ്ഞൊഴുകുന്ന ജനസഞ്ചയം ഓര്മ്മിപ്പിക്കുന്നതും മറ്റൊന്നല്ല . ആ രാജവീഥിയിലൂടെ നടക്കുമ്പോൾ , നമ്മുടെ രാജ്യത്തിന്റെ ത്രസിപ്പിക്കുന്ന പഴയ വീരചരിതത്തിന്റെ ഭാഗമാകുന്ന ആ അനുഭവം ആരിലാണ് ഉണരാത്തത്? ദേശഭക്തിയും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നമ്മൾ കാട്ടിയ ധീരോദാത്തത നിറഞ്ഞ പോരാട്ടത്തിന്റെ ഓർമ്മകളും ഉള്ളിന്റെയുള്ളിൽ ഒരിക്കൽ കൂടി തിരതല്ലി വരുന്നത് നമ്മൾ തൊട്ടറിയും, തീർച്ച!

അതേ,ഒരു ഇന്ത്യക്കാരൻ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒരിടമുണ്ടോ എന്ന് ചോദിച്ചാൽ ,നിസംശയം പറയാം .ഇന്ത്യയുടെ,രാജ്യതലസ്ഥാനത്തിൽ തലയുയർത്തി നിൽക്കുന്ന ഈ മഹാസ്മാരകം തന്നെ.



Comments


bottom of page