top of page
Search
Writer's pictureJAISE SAMUEL

ചരിത്രമുറങ്ങുന്ന ഇന്ദ്രപ്രസ്ഥം -ഭാഗം 2 (ലോട്ടസ് ടെമ്പിൾ)

​"വാക്കുകൾ പരാജയപ്പെടുന്നിടത്തു നിശബ്ദത വിജയിക്കും ! പക്ഷെ നിശബ്ദതയുടെ ശക്തി ആസ്വദിക്കാൻ നിങ്ങൾ നിശ്ശബ്ദനായിരിക്കേണ്ടതുണ്ട് !".

(ലോട്ടസ് ടെമ്പിൾ -രാത്രി ദൃശ്യം)


ആയിരമോ രണ്ടായിരമോ വരുന്ന ഒരു ജനസഞ്ചയത്തിനു നടുവിൽ സൂചിവീണാൽ കേൾക്കുന്ന കനത്ത നിശബ്ദതയ്ക്കു നടുവിൽ സ്വയം മൗനവാത്മീകത്തിൽ പൊതിഞ്ഞു നിൽക്കുന്ന ആത്മീയാനുഭവം നിങ്ങൾ ആസ്വദിച്ചിട്ടുണ്ടോ ? അങ്ങനെയുള്ള ഒരിടം ദില്ലി പോലെയൊരു മഹാനഗരത്തിൽ ഉണ്ടെന്നു പറഞ്ഞാൽ നിങ്ങള്ക്ക് വിശ്വസിക്കാനാകുമോ ? ഇന്നത്തെ യാത്ര അങ്ങോട്ടാകട്ടെ . വരൂ, നിശബ്ദതയുടെ പരമാനന്ദം പകരുന്ന പറുദീസയിലേക്കു നമുക്ക് പോകാം.

. (ലോട്ടസ് ടെമ്പിൾ -ഉൾഭാഗം )

സ്വല്ലിലേക്ക്വി (Soliloquy ) എന്നൊരു ഇംഗ്ലീഷ് പദമുണ്ട്. കേൾക്കാൻ ആരുമില്ലെങ്കിലും സ്വന്തം ചിന്തകളോട് ഉച്ചത്തിൽ സംവദിക്കുന്ന അനുഭവമാണത്. ഒറ്റയ്ക്ക് സംസാരിക്കുക എന്നർത്ഥം വരുന്ന രണ്ടു ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. സമ്പൂർണ്ണ നിശബ്ദതയിൽ സ്വയം സംസാരിക്കാൻ കഴിയുന്ന ആ അനുഭവം ആത്മീയാനുഭവങ്ങളുടെ പരകോടിയിലെത്തുന്ന ഒരു തരം മൂർച്ഛയുടെ പരമാനന്ദം നൽകും. ആത്മീയത എന്നത് ബഹളം വയ്ക്കലിന്റെ കൂട്ടപ്പൊരിച്ചിൽ അല്ല ,തന്നിലേയ്ക്ക് ചുരുങ്ങുന്ന മൗനത്തിൽ അലിഞ്ഞു മഹാനിർവാണം പ്രാപിക്കുന്ന വല്ലാത്തൊരു അനുഭവം ആണ്. ഈ അനുഭവം ഞാൻ പലയിടത്തും ആസ്വദിച്ചറിഞ്ഞിട്ടുണ്ട് . സ്വയം നഷ്ടപ്പെടുന്നു എന്ന് തോന്നിയ അവസരങ്ങളിൽ ബഹ്‌റൈൻ മനാമയിലുള്ള സേക്രട്ട് ഹാർട്ട് ചർച്ചിന്റെ ഇരുളും നിശബ്ദതയും ശീതീകരണിയുടെ തണുപ്പും നിറഞ്ഞ ആ അന്തരീക്ഷത്തിൽ നിശബ്ദതയുടെ ശക്തി ഞാനറിഞ്ഞിട്ടുണ്ട്. ചെന്നൈ സെയ്ന്റ് തോമസ് ഹിലോക്കിലെ ആ ചെറിയ പള്ളിയുടെ പ്രശാന്തിയിൽ,പിന്നീട് പലതവണ ദില്ലിയിലെ ലോട്ടസ് ടെമ്പിളിൽ . അതെ ,ഇന്ന് നമ്മൾ പറയുന്നത് ലോട്ടസ് ടെംപിളിനെക്കുറിച്ചാണ്.

(ലോട്ടസ് ടെമ്പിൾ -ഉൾഭാഗത്തു നിന്നുള്ള മേൽക്കൂര ദൃശ്യം ) കാഴ്ച മറക്കുന്ന കെട്ടിടങ്ങൾ ഇല്ലായിരുന്നെങ്കിൽ വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരമേ ഈ താമരക്ഷേത്രത്തിലേയ്ക്കുള്ളൂ. ബഹാപൂർ കുന്നിൻമുകളിൽ വിരിഞ്ഞു വരുന്ന ഒരു താമരയ്ക്കു സമം നിൽക്കുന്ന ഒരു മനോഹര സൗധം. മാർബിൾഫലകങ്ങൾ പതിച്ച സ്വതന്ത്രമായി നിൽക്കുന്ന 27 താമരയിതളുകൾ പോലെയുള്ള ദളങ്ങളായിട്ടാണ് ഈ കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. മൂന്നു അടുക്കുകളായി ഒൻപതു വശങ്ങൾ വരുന്ന രീതിയിലാണ് ഇതിന്റെ നിർമിതി. ആദ്യത്തെ ഒൻപതു ഇതളുകൾ ഒൻപതു വാതിലുകൾക്കു മുകളിലായി സ്ഥാപിച്ചിരിക്കുന്നു. അടുത്ത നിരയിലെ ഒൻപതു ദളങ്ങൾ കെട്ടിടത്തെ പൊതിഞ്ഞു നിൽക്കുന്നു.. മുകളിലത്തെ നിരയിലെ ഒൻപതു ദളങ്ങൾ സെൻട്രൽ ഹാളിനു കുടചൂടി നിൽക്കുന്നു. 40 മീറ്റർ ഉയരമുള്ള സെൻട്രൽ ഹാളിൽ ഏകദേശം 2500 ആളുകളെ ഉൾക്കൊള്ളാനാകും. ഗ്രീസിലെ പെന്റലി മൗണ്ടിൽ നിന്നുള്ള മാർബിൾ ആണ് ഇതിന്റെ തറയിൽ പാകിയിരിക്കുന്നത്. ഒൻപതു വാതിലുകൾക്കു പുറത്തുള്ള ഒൻപതു കുളങ്ങൾ ആണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ഫരിബോസ് ശഹ്ബാ എന്ന ഇറാനിയൻ-അമേരിക്കൻ എഞ്ചിനീയർ ആണ് ഇതിന്റെ ശില്പി. ഏകദേശം ഇരുപത്തിയാറ് ഏക്കറിലാണ് ക്ഷേത്രവും ചുറ്റുവട്ടവും സ്ഥിതി ചെയ്യുന്നത് . ബ്രിട്ടനിലെ ഫ്ലിന്റ് ആൻഡ് നീൽ കമ്പനി രൂപകൽപന ചെയ്ത ഈ മനോഹര സൗധം പണിതീർത്തത് ലാർസൻ ആൻഡ് ടൂബ്രോയുടെ ഇ സി സി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആണ്. പത്തു മില്യൺ ഡോളർ മുതല്മുടക്കിയ ഈ ക്ഷേത്രം 1986 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. സൗരോർജം ഉപയോഗിക്കുന്ന ദില്ലിയിലെ ആദ്യക്ഷേത്രം ,120 കിലോവാട്ട് വൈദ്യതിയാണ് സൗരോർജത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നത്. അർദിഷിർ റുസ്താൻപൂർ എന്ന ഹൈദ്രാബാദുകാരൻ (സിന്ധ്) അയാളുടെ സമ്പാദ്യം മുഴുവൻ നൽകിയാണ് ഈ ക്ഷേത്രത്തിനു സ്ഥലം കണ്ടെത്തിയത്.

ചിത്രം:(ലോട്ടസ് ടെമ്പിൾ -ചുറ്റുമുള്ള ഒൻപതു കുളങ്ങളിൽ ഒന്ന്)

2001 ൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിച്ച സ്ഥലം എന്ന ഖ്യാതി നേടിയ ലോട്ടസ് ടെമ്പിൾ ,2014 ലെ കണക്കനുസരിച്ചു 100 മില്യൺ ആളുകൾ സന്ദർശിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ ശരാശരി 10000 ആളുകൾ സന്ദർശിക്കുന്ന ഈ ക്ഷേത്രം ,ഒരു വര്ഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി 50 ലക്ഷം സന്ദർശകരെ ആകർഷിക്കുന്നു.

ചിത്രം:(ലോട്ടസ് ടെമ്പിൾ -ചുറ്റുമുള്ള പൂന്തോട്ടത്തിന്റെ ഒരു ഭാഗം) ഇത്രയും പറഞ്ഞിട്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത പറയാതെ പോകുന്നതെങ്ങനെ?എന്തായിരിക്കാം ആളുകളെ ഈ ക്ഷേത്രത്തിലേക്ക് ആളുകളെ കൂട്ടത്തോടെ ആകര്ഷിക്കുന്നതെന്നു അറിയാമോ? ഇവിടെ ഏതു മതവിശ്വാസിക്കും ആരാധിക്കാം. ഏതുമതങ്ങളുടെയും പാട്ടുകൾ പാടാം, മതഗ്രന്ഥങ്ങൾ വായിക്കാം. സെൻട്രൽ ഹാളിനുള്ളിൽ മൊബൈൽ ,സംഗീതോപകരണങ്ങൾ,സംസാരം എന്നിവ അനുവദനീയമല്ല. തികഞ്ഞ നിശബ്ദത മാത്രം,സൂചി വീണാൽ കേൾക്കുന്ന നിശബ്ദത ! . ഇത് ബഹായ് മതവിശ്വാസികളുടെ ആരാധനാലയം ആണ്. ലോട്ടസ് ടെമ്പിളിനെപ്പറ്റി ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഹിന്ദു,മുസ്ലിം,കൃസ്ത്യൻ എന്നീ മതങ്ങളുടെ വേലിക്കെട്ടുകൾക്കിടയിൽ വളരുന്ന നമ്മളിൽ പലരും ഇങ്ങനെയൊരു മതത്തെപ്പറ്റി ജീവിതത്തിലൊരിക്കൽപോലും കേൾക്കാനിടയില്ല. ബഹായ് മതക്കാർക്ക് ആരാധാനാലയത്തിൽ യാതൊരു ആരാധനവസ്തുക്കളുമില്ല. യാതൊരു പ്രത്യേക ആചാരാഘോഷങ്ങളുമില്ല. ശക്തമായ അന്യമതവിദ്വേഷവും കൊണ്ടുനടക്കുന്നവർ പോലും മതങ്ങളെ ന്യായീകരിക്കാൻ പുട്ടിനു തേങ്ങാപ്പീര പോലെ ചേർക്കുന്ന സർവ്വമതസാരവുമേകം എന്ന വാക്യം യഥാർത്ഥ അർത്ഥത്തിൽ അടിസ്ഥാനശിലയാക്കിയ മതമാണ് ബഹായ് വിശ്വാസം. ഏകദൈവവിശ്വാസികളായ ബഹായികൾക്കു , അവരുടെ വിശ്വാസത്തിൽ ബുദ്ധനും,ക്രിസ്തുവിനും ,മുഹമ്മദിനും സ്ഥാനമുണ്ട്. അവരുടെ വിശ്വാസത്തിൽ വംശീയതയ്ക്കോ അന്ധദേശീയതയ്ക്കോ സ്ഥാനമില്ല. ഏകീകൃത ലോകക്രമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇവർ മാനവികത അടിസ്ഥാനപ്രമാണമാക്കിയിരിക്കുന്നു,ഒപ്പം വർണ്ണ വർഗ്ഗ മതവ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളുടെയും അഭിവൃദ്ധിയും.1863 ൽ ബഹാവുള്ള എന്ന ഇറാൻകാരൻ ആണ് ഈ മതം സ്ഥാപിക്കുന്നത്. പേർഷ്യയിലും അറേബ്യൻ രാജ്യങ്ങളിലും തുടങ്ങിയ ഈ മതം ഇന്ന് ഏകദേശം 80 ലക്ഷത്തോളം അനുയായികളുമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ആധുനിക സമൂഹത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന, എന്നാൽ അത്യാവശ്യം വേണ്ട സാമൂഹിക,ധാർമ്മിക കടമകൾ അടിസ്ഥാനപ്രമാണമാക്കിയ ബഹായ് വിശ്വാസം മറ്റേതു പഴഞ്ചൻ വിശ്വാസങ്ങളേക്കാളും കാലാനുസൃതവും മാനുഷികമൂല്യങ്ങളെ വിലമതിക്കുകയും ചെയ്യുന്നതാണെന്ന് പറയാതെ വയ്യ! തങ്ങളുടേതാണ് മികച്ച മതമെന്നും മറ്റൊന്നും സ്വീകാര്യമല്ലെന്നും പറയുന്നവർക്ക് എല്ലാ മതമൂല്യങ്ങളെയും ആദരിക്കുന്ന ബഹായ് വിശ്വാസം ഒരു അത്ഭുതം ആയിത്തോന്നിയേക്കാം.

ചിത്രം:(ലോട്ടസ് ടെമ്പിൾ -സന്ധ്യാ ദൃശ്യം)

നിർമിതിയുടെ പ്രത്യേകത കൊണ്ട് അറിയപ്പെടുന്ന ലോട്ടസ് ടെമ്പിൾ ലോകപ്രശസ്തമായ പല അംഗീകാരങ്ങൾക്കും അർഹമായിട്ടുണ്ട്. ദില്ലി സന്ദർശിക്കാൻ ആഗ്രഹിക്കുന്നഏതൊരാളും ഈ അത്ഭുതനിർമിതി കാണാൻ മറക്കരുത്. ഒരു പ്രാർത്ഥനപോലെ ,തികഞ്ഞ ഏകാഗ്രതയോടെ ,ഒരു ശ്വാസോച്ഛാസത്തിന്റെ പോലും ശബ്‍ദമില്ലാതെ ,നിശബ്ദതയുടെ തേരിലേറി ,ഈ പ്രപഞ്ചത്തിലെ ഏതോ ഒരു ബിന്ദുവിൽ ലയിച്ചു ചേരുന്ന ഒരു മനോഹര അനുഭവം ലോട്ടസ് ടെമ്പിളിൽ ചിലവഴിക്കുന്ന ഏതാനും നിമിഷങ്ങളിൽ നിങ്ങള്ക്ക് അനുഭവിച്ചറിയാം.ജീവിതത്തിലെ അമൂല്യമായൊരു അനുഭവത്തെ നഷ്ടമാക്കരുത് !

ലൊക്കേഷൻ:


സൗത്ത് ഡൽഹിയിലെ കാൽക്കാജി മന്ദിർ , ഓഖ്‌ല എൻ എസ് ഐ സി എന്നീ മെട്രോ സ്റ്റേഷനിൽ നിന്നും 500 മീറ്റർ ദൂരം. നെഹ്‌റു പ്ലേസ് ബസ് ടെർമിനലിൽ നിന്നും ഒരു കിലോമീറ്റർ ദൂരം.

32 views0 comments

תגובות


bottom of page